SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

ഓണം

ഓണം... പൊന്നോണം

മഹാബലി വരും കാലം!
ധര്‍മവും നീതിയുമനുസരിച്ച് സര്‍വജനങ്ങളെയും ഒന്നുപോലെ കരുതിയിരുന്ന സമത്വസുന്ദരമായ ഭരണം നടത്തിയിരുന്ന രാജാവായിരുന്നു അസുരനായ മഹാബലി. അദ്ദേഹത്തിന്‍െറ ഭരണത്തില്‍ അസൂയാലുക്കളായ ദേവന്മാരുടെ അഭ്യര്‍ഥന മാനിച്ച് മഹാവിഷ്ണു വാമനനായി അവതരിക്കുകയും മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. വര്‍ഷത്തിലൊരിക്കല്‍ തന്‍െറ ജനങ്ങളെ വന്നു കാണാന്‍ അവസരമുണ്ടാക്കണമെന്ന് പ്രജാക്ഷേമ തല്‍പരനായ മഹാബലി വാമനനോട് അഭ്യര്‍ഥിച്ചു. വാമനന്‍ അതനുവദിച്ചുവെന്നും അങ്ങനെ ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ മഹാബലി നാടുകാണാന്‍ എത്തുന്നുവെന്നുമാണ് ഐതിഹ്യം. എന്നാല്‍, ചരിത്രപരമായ സാധുത ഈ കഥക്കില്ല.
മഹാബലിയും മഹാബലിപ്പെരുമാളും
വാമനന്‍ ചവിട്ടിത്താഴ്ത്തിയ മഹാബലിയല്ലത്രെ മഹാബലിപ്പെരുമാള്‍! തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്‍െറ തിരുനാളായ തിരുവോണം കൊണ്ടാടാന്‍ തൃക്കാക്കര വാണിരുന്ന മഹാബലിപ്പെരുമാള്‍ കല്‍പിച്ചുവെന്നും അങ്ങനെയാണ് ഓണ മഹോത്സവത്തിന്‍െറ തുടക്കമെന്നും ഐതിഹ്യമുണ്ട്. 28 ദിവസമായിരുന്നു അന്ന് ഓണാഘോഷം. പ്രധാന ദിവസമായ തിരുവോണ നാളില്‍ കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് രാജാക്കന്മാരും പ്രഭുക്കളും നാടുവാഴികളും സാധാരണജനങ്ങളും മഹാദേവനെ ദര്‍ശിക്കാനും മഹാബലിപ്പെരുമാളിനെ ചെന്നുകാണാനും തൃക്കാക്കരക്ക് പോകാറുണ്ടായിരുന്നു. ഈ യാത്ര പുറപ്പെടലിന്‍െറ സ്മാരകമാണ് കൊച്ചിരാജാവിന്‍െറ ‘അത്തച്ചമയം’. കെ.പി. പത്മനാഭ മേനോന്‍െറ ‘ഹിസ്റ്ററി ഓഫ് കേരള’യിലും അത്തച്ചമയത്തിന്‍െറ ആഗമനം ഇങ്ങനെതന്നെയാണ് വിവരിച്ചിട്ടുള്ളത്. ഈ തൃക്കാക്കര യാത്രയുടെ ക്ളേശം കണ്ടിട്ടാവണം ഇനി തങ്ങളുടെ ഗൃഹങ്ങളില്‍വെച്ചുതന്നെ ഓണ മഹോത്സവം കൊണ്ടാടിയാല്‍ മതിയെന്ന് മഹാബലിപ്പെരുമാള്‍ കല്‍പിച്ചതും എല്ലാവരും സ്വഗൃഹങ്ങളില്‍ ഓണം കൊണ്ടാടിത്തുടങ്ങിയതും.
ഓണം നമുക്ക് സമ്മാനിക്കുന്നത്
സമ്പല്‍സമൃദ്ധിയുടെയും സമത്വത്തിന്‍െറയും അഴിമതിരഹിതമായ സമൂഹത്തിന്‍െറയും സാമൂഹികനീതിയുടെയും പ്രതീകമാണ് ഓണം. ഓണനിലാവും ഓണപ്പൂക്കളുമായി പ്രകൃതിപോലും വിളവെടുപ്പുത്സവത്തിന് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കാലമാണിത്. മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും എന്തിന് പ്രകൃതിക്കുപോലും ഭേദചിന്ത കല്‍പിക്കാത്ത ഈ അനുഷ്ഠാന പൈതൃകം മലയാളിയുടെമാത്രം സ്വന്തമാണ്.
‘‘മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും...’’
ഓണത്തെക്കുറിച്ചുള്ള മനോഹരമായ ചിന്തകളില്‍ ആദ്യം ഓടിയെത്തുന്ന ഈ വരികള്‍ നൂറ്റാണ്ടുമുമ്പുതന്നെ കേരളത്തില്‍ പ്രചരിച്ചിരുന്ന ‘മഹാബലിചരിതം പാട്ടില്‍’നിന്നുള്ളതാണ്. ചരിത്രമോ ഐതിഹ്യമോ വിശ്വാസമോ എന്തുമാകട്ടെ, വര്‍ത്തമാനകാലത്തെ മൂല്യച്യുതികളില്‍നിന്ന് ക്ഷണികമായെങ്കിലും ആശ്വാസം ലഭിക്കുന്ന ഈ സങ്കല്‍പം തലമുറകളിലേക്ക് കൈമാറേണ്ടതുണ്ട്. സമത്വസുന്ദരമായ ഒരു കാലത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലും അത്തരമൊരു കാലത്തിന്‍െറ പുന:സൃഷ്ടിയെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ് ഓരോ ഓണക്കാലവും നമുക്ക് സമ്മാനിക്കുന്നത്.
കഥകള്‍ പലവിധമുലകില്‍ സുലഭം..!
ഓണത്തിന്‍െറ ഉദ്ഭവ കഥകള്‍ ഏറെയാണ്. അവയില്‍ ചിലത് പരിചയപ്പെട്ടോളൂ...
കേരളത്തില്‍ ഒരുകാലത്ത് പ്രചാരത്തിലിരുന്ന ബുദ്ധമതത്തിന്‍െറ സംഭാവനയാണ് ഓണം എന്ന് വാദിക്കുന്നവരുണ്ട്. ‘ശ്രാവണം’ എന്ന സംജ്ഞതന്നെ ബൗദ്ധമാണെന്നും ശ്രവണപദത്തില്‍ പ്രവേശിച്ചവര്‍ക്ക് ബുദ്ധന്‍ നല്‍കിയ മഞ്ഞവസ്ത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് ഓണക്കോടിയായി നല്‍കുന്ന മഞ്ഞമുണ്ടെന്നും ഇവര്‍ പറയുന്നു.
ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് മക്കയിലേക്ക് യാത്രയായത് ഒരു തിരുവോണ നാളിലാണ്. അതിന്‍െറ സൂചനയാണ് ഓണാഘോഷം എന്നൊരു കഥയുണ്ട് (വില്യം ലോഗന്‍െറ മലബാര്‍ മാന്വല്‍).
പരശുരാമന്‍ കേരളം സന്ദര്‍ശിക്കാനെത്തുന്നതിന്‍െറ ഓര്‍മക്കാണ് കേരളീയര്‍ ഓണമാഘോഷിക്കുന്നതെന്ന് വിശ്വസിക്കുന്നവരുണ്ട്.
ഇവിടത്തെ സ്ഥിരതാമസക്കാരായിരുന്ന ദ്രാവിഡരുടെമേല്‍ ആര്യന്മാര്‍ നടത്തിയ അധിനിവേശത്തിന്‍െറ ആഘോഷമായി ഓണത്തെ വീക്ഷിക്കുന്നുണ്ട്. ഉത്തരമധ്യ ദക്ഷിണപ്രദേശങ്ങളുടെ പ്രതീകങ്ങളാണ് സ്വര്‍ഗം, ഭൂമി, പാതാളം എന്നീ ലോകങ്ങളെന്നും അസുരന്മാര്‍ അസൂറിയക്കാരാണെന്നുമുള്ള വാദം ഈ വീക്ഷണത്തിന്‍െറ ഭാഗമാണ്.
ഓണം ഒരു വിളവെടുപ്പുത്സവമാണെന്ന് ചില ചരിത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ചിങ്ങമാസം വിളവെടുപ്പുകാലമാണ്.
തിരുവോണം മലബാറില്‍ ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ആഘോഷമാണെന്നും വര്‍ഷാവസാനം തിരുവോണത്തിന്‍െറ തലേന്നാളായി കാണുന്നുവെന്നും സൂചനകളുണ്ട്.
ഓണക്കാലം... പൂക്കാലം
മഴമാറി, മാനം തെളിഞ്ഞ്, പ്രകൃതിയാകെ പൂത്തുലഞ്ഞുനില്‍ക്കുമ്പോള്‍ നമുക്കു ചുറ്റുമുള്ള പുഷ്പസുന്ദരിമാരും അണിഞ്ഞൊരുങ്ങും. എന്തിനെന്നോ? കറുകറുത്ത കര്‍ക്കിടകം പെയ്തൊഴിഞ്ഞ് ഹൃദ്യമായ പൊന്നിന്‍ചിങ്ങമെത്തുമ്പോള്‍ വരവേല്‍ക്കാന്‍...നാട്ടിന്‍പുറങ്ങളിലാകെ കുരുന്നുകളുടെ ‘പൂവേ പൊലി’ ഉയരുമ്പോള്‍ ഗ്രാമകന്യക കോരിത്തരിക്കും. പച്ചോലയോ പനയോലയോ ഈറയോ മെടഞ്ഞുണ്ടാക്കിയ ‘പൂവട്ടി’, പൂക്കള്‍ തേടിയുള്ള യാത്രയില്‍ സംഘാംഗങ്ങളുടെ ഓരോരുത്തരുടെയും കൈവശമുണ്ടാകും. കുളി കഴിഞ്ഞ് കുറി തൊട്ട്, അലക്കി വെളുപ്പിച്ച വസ്ത്രങ്ങളണിഞ്ഞാവും പൂക്കള്‍ തേടിയുള്ള ഈ യാത്ര. പ്രകൃതിക്ക് കരിമ്പടം ചാര്‍ത്തുന്ന കാക്കപ്പൂവ്, വരമ്പുകള്‍ തീര്‍ക്കുന്ന അതിരാണിപ്പൂവ്, കുലകുലകളായി വിടരുന്ന അശോകപ്പൂവ്, തുമ്പപ്പൂവ്, അരിപ്പൂവ്, ശംഖുപുഷ്പം, കാശിപ്പൂവ്, മല്ലികപ്പൂവ്, നന്ത്യാര്‍വട്ടം... ഇവയൊക്കെയായി പൂക്കൂടകള്‍ നിറയുമ്പോള്‍ കുഞ്ഞുമനസ്സുകളും നിറഞ്ഞിട്ടുണ്ടാവും.
വരൂ...പൂക്കളമിടാം
ഓണക്കാലത്ത് പലതരം പൂക്കളുണ്ടാകുമെങ്കിലും അവയില്‍ ചിലതുമാത്രമേ പൂക്കളമിടാന്‍ ഉപയോഗിക്കാറുള്ളൂ. തുമ്പപ്പൂവ്, ഓണപ്പൂവ്, കാശിപ്പൂവ്, അരിപ്പൂവ്, ശംഖുപുഷ്പം എന്നിവയാണ് പ്രധാനമായും പൂക്കളത്തിന് ഉപയോഗിക്കുക.
വളരെ ശുദ്ധിയോടെയാണ് അത്തപ്പൂവിടുക. വീട്ടുമുറ്റത്ത് പൊടിമണ്ണ് വിരിച്ചുതീര്‍ക്കുന്ന പൂത്തറ ചാണകം മെഴുകി ശുദ്ധിവരുത്തും. ഇതിനുമീതെയാണ് കളമിടുക. പല ദേശത്തും പല തരത്തിലാണ് പൂക്കളമിടുന്നത്. ചിലയിടങ്ങളില്‍ 10 ദിവസത്തെ പൂക്കളങ്ങള്‍ക്കും വ്യത്യസ്ത ആകൃതിയാണ്. കളത്തിന്‍െറ എണ്ണത്തിലുമുണ്ട് വ്യത്യാസങ്ങള്‍. അത്തത്തിന് ഒരു കളം, ചിത്തിരക്ക് രണ്ട്, ചോതിക്ക് മൂന്ന്...തിരുവോണനാളില്‍ പത്തുകൂട്ടം നിര്‍ബന്ധമാണ്. എന്നാല്‍, ഉത്രാടത്തിനും തിരുവോണത്തിനും പൂവിടുന്ന പതിവില്ലാത്ത ചില സ്ഥലങ്ങളുമുണ്ട് . ഉത്രാടംനാളിലിടുന്ന പൂക്കളം തിരുവോണ ദിവസവും മാറ്റമില്ലാതെ സൂക്ഷിക്കുന്ന പ്രത്യേകതയും ചിലയിടങ്ങളിലുണ്ട്. തിരുവോണം കഴിഞ്ഞാലും വരികളില്ലാതെ ലഭ്യമായ പൂക്കള്‍കൊണ്ട് മകംവരെ പൂക്കളമിടുന്ന സവിശേഷരീതിയും ചില പ്രദേശങ്ങളുടെ പ്രത്യേകതയാണ്.
ഇല്ലംനിറ... വല്ലംനിറ
ഓണക്കാലത്ത് നാടാകെ കൊയ്ത്തിന്‍െറ ബഹളമാണ്. ഇക്കാലയളവില്‍ പ്രകൃതിയുടെ ഔാര്യവും സമൃദ്ധിയും നിറഞ്ഞുനില്‍ക്കുന്ന രണ്ടുവാക്കുകളാണ് ‘നിറ’യും ‘പൊലി’യും. കൂനക്കൂട്ടിയിട്ടുള്ള മൂടയില്‍ ‘നെല്ലുപെരുകണേ’ എന്ന പ്രാര്‍ഥനയാണ് ‘മൂടപ്പൊലി’ എന്ന പ്രയോഗത്തിനുപിന്നില്‍. കൊയ്ത്തു തുടങ്ങി ആദ്യം ചെത്തിയെടുക്കുന്ന കറ്റ ക്ഷേത്രത്തില്‍ വഴിപാടായി കൊടുക്കും. ജന്മിക്കും പാട്ടക്കാരനും പണിയാളനും കച്ചവടക്കാരനുമെല്ലാം കാര്‍ഷിക പ്രവര്‍ത്തനത്തിനിടയില്‍ ഒരേ പ്രാര്‍ഥനയാണുള്ളത്- ‘നിറയും’ ‘പൊലി’യും. ‘ഇല്ലംനിറ’ (വീടു നിറയട്ടെ),
‘വല്ലംനിറ’ (കുട്ട നിറയട്ടെ), ‘കൊല്ലംനിറ’
(വര്‍ഷം മുഴുവന്‍ നിറയട്ടെ),
‘പത്തായംനിറ’, ‘നാടുപൊലി’,
പൊലിയോപൊലി’  എന്നിങ്ങനെ
പോകുന്നു പ്രാര്‍ഥന.
തല്ലുവേണോ... തല്ല്!
പണ്ടത്തെ ഓണക്കളികളില്‍ പ്രധാനമായിരുന്നു ഓണത്തല്ല്. നാടുവാഴികളാണ് ഓണത്തല്ല് സംഘടിപ്പിച്ചിരുന്നത്. രണ്ടു ചേരികളിലായി തല്ലുകാര്‍ അണിനിരക്കും. ചില നിയമങ്ങളുണ്ട്. നിയമം തെറ്റിക്കുന്നവരെ പുറത്താക്കും. ഉടുമുണ്ട് തറ്റുടുത്തും രണ്ടാംമുണ്ട് അരയില്‍ മുറുക്കിക്കെട്ടിയുമാണ് തല്ലിനിറങ്ങുന്നത്. കൈത്തല്ല്, കൈയാങ്കളി, ഓണപ്പട എന്നൊക്കെ അറിയപ്പെടുന്ന ഈ കളിക്ക് കളരിപ്പയറ്റിലെ വെറും കൈപ്രയോഗവുമായി സാമ്യമുണ്ട്. സംഘകാലകൃതിയായ ‘മധുരൈ കാഞ്ചി’യില്‍ ഓണത്തല്ലിനെക്കുറിച്ച് പരാമര്‍ശമുണ്ട്.
ആയുധമേന്തി അഭ്യാസം!
നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഓണത്തിന് ആയുധാഭ്യാസ പ്രകടനം പ്രധാന ചടങ്ങായിരുന്നത്രെ. കരക്കാര്‍ ചേരിതിരിഞ്ഞ് ഓണക്കാലത്ത് അമ്പെയ്ത്തുമത്സരം നടത്തിയിരുന്നതായും അതില്‍ മരിച്ചവരുടെ ഉടയവര്‍ക്കും അംഗഭംഗം വന്നവര്‍ക്കും രാജാവ് ധനസഹായം നല്‍കിയതായും രേഖകളുണ്ട് (സംസ്ഥാന പുരാരേഖാ വകുപ്പിന്‍െറ കൈവശം ഇതിന്‍െറ തെളിവുകളുണ്ട്).No comments:

Post a Comment

blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP